തൃശൂർ: വിദ്യാർഥികൾക്ക് ആഗോളനിലവാരത്തിലുള്ള വ്യവസായാധിഷ്ഠിത വിദ്യാഭ്യാസവും ഭാവിയിലേക്കു വഴികാട്ടുന്ന നൂതന പരിശീലനവും ഉറപ്പാക്കുന്നതിനായി മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജ് ഐബിഎം ഇന്നോവേഷൻ സെന്റർ ഫോർ എഡ്യുക്കേഷൻ ആൻഡ് ക്യു2ഡിയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി കോളജിൽ ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം ആരംഭിക്കും.
ഐബിഎമ്മിന്റെ ആഗോള ടാലന്റ് ഡിസ്കവറി ആൻഡ് ഡെവലപ്മെന്റ് പദ്ധതിയായ പേൾ പ്രോഗ്രാം വഴി വിദ്യാർഥികൾക്കു സംരംഭകത്വം, നവോഥാനചിന്ത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഭാവിസാങ്കേതികമേഖലകളിൽ പരിശീലനം ലഭ്യമാക്കും. വ്യവസായരംഗവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന മെന്ററിംഗ്, പ്രോജക്ടുകൾ, ഹാക്കത്തോണുകൾ, സ്റ്റാർട്ടപ്പ് പിന്തുണ തുടങ്ങിയ അവസരങ്ങളും ലഭ്യമാകും.
കോളജിലെ പഠനത്തെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാർഥികളുടെ തൊഴിൽസാധ്യതകൾ വർധിപ്പിക്കുന്നതിനും ഈ സഹകരണം വലിയ മുന്നേറ്റമാകുമെന്നു കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. ജിമ്മി ജോസ് പറഞ്ഞു. ഐബിഎം ആൻഡ് ക്യു2ഡി പേൾ പ്രോഗ്രാം സ്റ്റേറ്റ് കോഓർഡിനേറ്റർ നിധിൻ നവദത്ത്, ഡിസ്ട്രിക്ട് കോഓർഡിനേറ്റർ അഖിൽ രത്നകുമാർ, കോളജ് വൈസ് പ്രിൻസിപ്പൽ മിനു തോമസ്, ഐക്യുഎംസി കോഓർഡിനേറ്റർ ആന്റണി പി. ജെയിംസ് എന്നിവർ പങ്കെടുത്തു.